ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആൻ ടെസാ ജോസഫ് നാട്ടിലെത്തി. കപ്പലിൽ അവശേഷിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പതിനാറുപേരെ ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആൻ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിനന്ദനമറിയിച്ചു. നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ ആൻ ടെസാ ജോസഫിനെ എയർപോർട്ട് അധികൃതർ സ്വീകരിച്ചു.
കപ്പലിലുള്ള വയനാട് സ്വദേശി പി.വി. ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.