ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡ് പുതു ചരിത്രമാവുകയാണ്. ഡെൽഹി പോലീസ് പരേഡ് സംഘത്തിൽ ഇത്തവണ വനിതകൾ മാത്രമായിരിക്കും അണിനിരക്കുക. മലയാളി ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാണ് ഇത്തവണയും 147 അംഗ സംഘത്തെ നയിക്കുന്നതെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.
തൃശൂർ ചാലക്കുടി സ്വദേശിനിയായ ശ്വേതയാണ് കഴിഞ്ഞ റിപ്പബ്ളിക് പരേഡിലും ഡെൽഹി പോലീസ് സംഘത്തെ നയിച്ചത്. ഡെൽഹി നോർത്ത് ഡിസ്‌ട്രിക്‌ട് അഡീഷണൽ ഡിസിപിയാണ് ശ്വേത. കഴിഞ്ഞ വർഷം പരേഡ് നയിച്ച അനുഭവ പരിചയത്തിന്റെ അടിസ്‌ഥാനത്തിലാണ് രണ്ടാം തവണയും ശ്വേതയെ തേടി സുവർണ നേട്ടമെത്തിയത്.
2019 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥയായ ശ്വേത ചാലക്കുടി കാർമൽ സ്‌കൂളിൽ നിന്ന് 10, 12 ക്‌ളാസുകളിൽ മുഴുവൻ മാർക്കും നേടിയാണ് വിജയിച്ചത്. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ നിന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്ങിൽ ബിടെക് നേടിയ ശേഷം സിവിൽ സർവീസിന് തയ്യാറെടുക്കുകയായിരുന്നു.
പോലീസ് സംഘത്തിന്റെ നായികയായി ശ്വേത മാർച്ച് ചെയുമ്പോൾ അഭിമാന നിമിഷങ്ങൾക്ക് സാക്ഷികളായി അച്ഛൻ കെഎസ് സുഗതനും അമ്മ ബിന്ദുവും ഗാലറിയിലുണ്ടാവും. പരേഡ് നയിക്കുന്ന ശ്വേതയൊഴികെ മറ്റെല്ലാ വനിതകളും കോൺസറ്റബിൾമാരും ആദ്യമായി റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കുന്നവരാണെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ റോബിൻ ഹിബു പറഞ്ഞു.
ഇതിന് പുറമെ, വനിതാ കോൺസ്‌റ്റബിൾ റുയാംഗുന്വോ കെൻസെ നയിക്കുന്ന വനിതാ ഉദ്യോഗസ്‌ഥരുടെ പൈപ്പ് ബാൻഡ് സംഘമാണ് ഇത്തവണ ഡെൽഹി പോലീസിന്റെ ഗാനം ആലപിച്ചു കർത്തവ്യ പഥിലൂടെ നീങ്ങുക. പരേഡിൽ പങ്കെടുക്കുന്ന വനിതാ കോൺസറ്റബിൾമാരിൽ 80 ശതമാനവും വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്.