കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. ഭീഷണിയെത്തുടർന്ന് വിമാനത്തിൽ ബോംബ് സ്ക്വാഡ് കർശന പരിശോധന നടത്തി. വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലായിരുന്നു ഭീഷണി. ഉച്ചയ്ക്ക് 12ന് നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ഭീഷണിയുണ്ടായി. വിസ്താര ഉച്ചയ്ക്ക് 2.45 ന് ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷമാണ് നെടുമ്പാശ്ശേരിയിൽ ഭീഷണി സന്ദേശം ലഭിച്ചത്.
അതേസമയം, തുടര്‍ച്ചയായി ബോംബ് ഭീഷണികളെ തുടർന്ന് അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതിന് പിന്നാലെയാണ് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടിയത്. ഇന്നലെ കോഴിക്കോട് ദമാം ഉൾപ്പെടെ 50 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഒക്ടോബർ 14 മുതൽ രാജ്യത്താകെ 300ന് മുകളിൽ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നടക്കം വിമാനങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. എന്നാൽ ഇതുവരെ ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ അധികൃതർക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വിദേശ ഏജൻസികളുടെ സഹായം തേടിയത്.