തൃശൂര്‍: തൃശൂര്‍ പൂരപ്രേമികള്‍ക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്. പാറമേക്കാവും തിരുവമ്പാടിയും രാവിലെ വെടിക്കെട്ട് നടത്തിയത് ചടങ്ങിന് വേണ്ടി. രാത്രിയിലെ അസുലഭ കാഴ്ചയ്ക്കായി കാത്തു നിന്ന ദേശക്കാരും പൂരപ്രേമികളും എല്ലാ അര്‍ത്ഥത്തിലും നിരാശര്‍. ആദ്യം പാറമക്കാവിന്റെ വെടിക്കെട്ട്. രാവിലെ ഏഴരയോടെ. തൊട്ടുപിന്നാലെ തിരുവമ്പാടിയും ആ വെടിക്കെട്ട് ശേഖരത്തിന് തിരികൊളുത്തി. എല്ലാം അതിവേഗം തീര്‍ന്നു. രാത്രി വെടിക്കെട്ടിന്റെ ദൃശ്യ സൗന്ദര്യം ആസ്വദിക്കാനെത്തിയവര്‍ പ്രതിഷേധത്തിന്റെ പൂരക്കാഴ്ച മനസ്സില്‍ സൂക്ഷിച്ച് മടങ്ങി.
പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചത് നാലരമണിക്കൂര്‍ വൈകിയാണ്. സാധാരണ പുലര്‍ച്ചെ മൂന്ന് മണിക്കാണ് വെടിക്കെട്ട്. ഇരുട്ട മാഞ്ഞ് ഏഴരയ്ക്ക് വെടിപ്പുരയില്‍ നിന്നും ശബ്ദം ഉയര്‍ന്നപ്പോള്‍ ദൃശ്യക്കാഴ്ച അന്യമായി. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അതിവേഹം അവസാനിച്ചു. ഉടന്‍ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും ആരംഭിച്ചു. കുറച്ചധികം സമയം ശബ്ദം ഉയര്‍ന്നെങ്കില്‍ അസാധാരണമായ സൗന്ദര്യം മാറിനിന്നു. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെതന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെതന്നെ നടത്താനും തീരുമാനമായത്. അതെല്ലാം ചടങ്ങിന്റെ ഭാഗമായി മാത്രം മാറി. അനിശ്ചിതത്വത്തിനൊടുവിലാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നടന്നത്. കലക്ടറും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനമായത്.
പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെച്ചത്. വെടിക്കെട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തര്‍ക്കമുണ്ടായത്. ചരിത്രപ്രസിദ്ധമായ മഠത്തില്‍ വരവ് നിര്‍ത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍ പറഞ്ഞു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആശങ്കകള്‍ പങ്കുവെച്ചെന്നും ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ആഘോഷ കമിറ്റിക്കും ഭരണസമിതിക്കും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് വൈകിയതിലും പൂരപ്രേമികള്‍ പ്രതിഷേധത്തിലാണ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂര പറമ്പില്‍ പൊലീസ് രാജെന്ന് ദേശക്കാര്‍ ആരോപിച്ചു.