തൃശൂര്‍ പൂരത്തിനു കൊടിയേറി. 19നാണു പൂരം. 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്. അന്നു രാവിലെ തിരുവമ്പാടിപാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും തുടങ്ങും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും ഇടയ്ക്കുനടന്ന കൊടിയേറ്റ് പൂജകള്‍ക്കു തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ ജയന്തന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തിമാരായ പൊഴിച്ചൂര്‍ ദിനേശന്‍ നമ്പൂതിരി, വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
പൂജിച്ച കൊടിക്കൂറ ദേശക്കാരാണു ഉയര്‍ത്തിയത്. വൈകുന്നേരം 3നു ക്ഷേത്രത്തില്‍നിന്നു പൂരം പുറപ്പാടു നടക്കും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30ന് ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളില്‍ പൂരപ്പതാകകള്‍ ഉയര്‍ത്തും
പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെ 11.20നും 12.15നും ഇടയിലായിരുന്നു കൊടിയേറ്റ്.
പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിര്‍ത്തി, ക്ഷേത്രത്തില്‍നിന്നു നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു ദേശക്കാര്‍ കൊടി ഉയര്‍ത്തിയത്.
പിന്നാലെ ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും കൊടിയുയര്‍ത്തി. പാറമേക്കാവ് കാശിനാഥനാണു തിടമ്പേറ്റിയത്. തുടര്‍ന്നു 5 ഗജവീരന്മാരുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്ര കൊക്കര്‍ണിയിലേക്കു ആറാട്ടിനായി എഴുന്നള്ളുകയും ചെയ്തു.