യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ – Indian student dies under mysterious circumstances in US
ന്യൂഡൽഹി: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഹിയോയിലെ ക്ലീവ്‌ലാൻ്റിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെലങ്കാന സ്വദേശിയായ ഉമ സത്യ സായി ഗഡ്ഡേയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കേസിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൻ പൊലീസ് തയാറായില്ല.
യുഎസിൽ ഇതുവരെ 12 ഇന്ത്യൻ വിദ്യാർത്ഥികളാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുള്ളത്. യുഎസിൽ സമാനരീതിയിൽ മരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും സമഗ്രമായ അന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
കഴിഞ്ഞ മാസം കൊൽക്കത്ത സ്വദേശി അമർനാഥ് ഘോഷ് കൊല്ലപ്പെട്ടിരുന്നു. മിസൗറിയിലെ സെന്റ് ലൂയിസിൽ നടന്ന ആക്രമണത്തിൽ വെടിയേറ്റാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥി ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാ സ്വദേശിയാണ് ഇയാൾ.