വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വിടചൊല്ലി ലോകം. ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭൗതിക ശരീരം സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്കരിച്ചു. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് സെന്റ് മേരി മേജർ ബസിലിക്ക. സെന്റ് മേരി മേജർ ബസിലിക്കയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ അന്ത്യ വിശ്രമം കൊള്ളുന്നത്.
ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരുനോക്കുകാണാൻ വൻ ജനസാഗരമാണ് അനിയന്ത്രിതമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് എത്തിയത്. വലിയ തിരക്ക് കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
സംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിന് വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. 170 ലോക രാജ്യങ്ങളിൽ നിന്ന് നേതാക്കൾ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.