കേരളവുമായി ബന്ധമുള്ള രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിനെ മെയ് അവസാനവാരം പൊലീസ് കണ്ടെത്തിയിരുന്നു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് നിരവധി യുവാക്കളെ വൃക്ക മാറ്റിവയ്ക്കുന്നതിനായി ഇറാനിലേക്ക് കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
തൃശൂർ സ്വദേശി സാബിത്ത് നാസർ (30) എന്നയാളാണ് അനധികൃതമായി അവയവം ശേഖരിക്കുന്നതിനായി 20 പേരെ ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് കൊണ്ടുപോയതെന്ന് പോലീസിനോട് സമ്മതിച്ചു. കൊച്ചി വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്ത ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. സാബിത്തിനെ സഹായിച്ച കൊച്ചി സ്വദേശിയായ മറ്റൊരു യുവാവിനെയും ചോദ്യം ചെയ്തുവരികയാണ്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വ്യക്തികളെ ലക്ഷ്യമിട്ടായിരുന്നു വിദേശത്ത് വൃക്കകൾ ദാനം ചെയ്യാൻ റാക്കറ്റ് പ്രേരിപ്പിച്ചിരുന്നത്. ഇറാനിൽ ചില ദാതാക്കൾ മരിച്ചുവെന്നാണ് സാബിത്തിൻ്റെ കുറ്റസമ്മതം. എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കുകയും പ്രാഥമിക അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു.
ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇറാനിലേക്ക് കൊണ്ടുപോയി അവിടെ സ്വകാര്യ ആശുപത്രിയിൽ വൃക്കകൾ ദാനം ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം ദാതാക്കൾ 20 ദിവസത്തോളം ഇറാനിൽ തങ്ങി. അവയവങ്ങൾക്കായി ആറുലക്ഷം രൂപവരെയാണ് ഇവർ നൽകിയത്. അത്തരത്തിലൊരു ദാതാവായ പാലക്കാട് സ്വദേശി ഷമീർ സാമ്പത്തിക പരാധീനത മൂലം ആറുമാസം മുമ്പ് വൃക്ക ദാനം ചെയ്തു.
റാക്കറ്റിന് പിന്നിലെ പ്രധാന സൂത്രധാരൻ ഹൈദരാബാദിൽ നിന്നുള്ള ബല്ലാംകൊണ്ട രാം പ്രസാദ് (41) എന്ന പ്രസാദിനെ അറസ്റ്റ് ചെയ്തതായി ശനിയാഴ്ച കേരള പോലീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള അവയവ റാക്കറ്റുകൾക്ക് ഇരകളെ കണ്ടെത്തി നൽകിയിരുന്നത് രാംപ്രസാദാണ്. വൃക്ക നൽകാൻ തയ്യാറുള്ളവരുടെ രക്തപരിശോധന നടത്തി മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാ ബേസ് തയ്യാറാക്കിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.
ഇറാനിലേക്കുള്ള അവയക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ആന്ധ്രാപ്രദേശിൽ നിന്ന് രാംപ്രസാദിനെ അറസ്റ്റ് ചെയ്തത്. എട്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് വിവരം. പശ്ചിമബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.