തിരുവനന്തപുരം: പീരുമേട് എം.എൽ.എയും മുതിർന്ന സി.പി.ഐ. നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരത്ത് ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റവന്യൂ അസംബ്ലിയിൽ വെച്ചാണ് വാഴൂർ സോമന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മുഖ്യമന്ത്രിയും സി.പി.ഐ., സി.പി.ഐ.എം. നേതാക്കളും ആശുപത്രിയിലെത്തും.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പീരുമേട്ടിലെ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും ഭൂപ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗമായ അദ്ദേഹം, ദീർഘകാലമായി സി.പി.ഐയുടെ ഇടുക്കി ജില്ലാ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽത്തന്നെ വിജയിച്ച അദ്ദേഹം, സ്വന്തമായി ജീപ്പ് ഓടിച്ച് സഭയിലെത്തിയതും വാർത്തയായിരുന്നു.