വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ മരണം 250-ലേറെ. 276 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240-ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിക്കും. കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചിൽ. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവർത്തനക്ഷമമാകും.
166 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണവും പോസ്റ്റ്മോര്‍ട്ടം നടത്തി. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 219 പേരെയാണ് ആശുപത്രികളിലെത്തിച്ചത്. 142 പേരെ ചികിത്സയ്ക്കുശേഷം ക്യാമ്പുകളിലേക്കു മാറ്റി. വയനാട്ടില്‍ 73 പേരും മലപ്പുറത്ത് അഞ്ചുപേരുമാണ് ചികിത്സയിലുള്ളത്. 1592 പേരെ വൈകുന്നേരംവരെ രക്ഷിച്ചു. ബുധനാഴ്ചയാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാനായത്. ചൊവ്വാഴ്ച ഇവിടത്തെ മദ്രസയില്‍ സൂക്ഷിച്ച 18 മൃതദേഹങ്ങള്‍ ബുധനാഴ്ച പുറത്തെത്തിച്ചു. ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ഉച്ചയോടെ കണ്ണൂരിലെത്തിയ ശേഷമാണ് മേപ്പാടിയിലെത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് കലക്ടറേറ്റിൽ ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടായി. ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.