ലെസ്റ്റർ / കോട്ടയം: യുകെയിലെ ലെസ്റ്ററിൽ താമസമാക്കിയ കോട്ടയം സ്വദേശി വർഗീസ് വർക്കി (70) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ആംബുലൻസ് സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
ഭാര്യ: മേഴ്‌സി (ലെസ്റ്റർ റോയൽ ഇൻഫോർമറി ഹോസ്പിറ്റലിൽ നഴ്സാണ്). മക്കൾ: മാർട്ടിന, മെർലിൻ. മരുമകൻ: സനൽ.
2009-ൽ യുകെയിലെത്തിയ വർഗീസ് വർക്കി, 2012 മുതൽ ലെസ്റ്ററിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്. ‘വർഗീസ് അച്ചായൻ’ എന്ന പേരിൽ ലെസ്റ്ററിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനും സഹൃദയനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം സുഹൃത്തുക്കൾക്കും കുടുംബത്തിനും തീരാ ദുഃഖമാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടിയിൽ വർഗീസ് വർക്കി സജീവമായി പങ്കെടുത്തിരുന്നു. ചടങ്ങിൽ വെച്ച് മോഹൻലാൽ നായകനായ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിലെ “ഒന്നാം കിളി പൊന്നാൺകിളി വന്നാൺ കിളി മാവിന്മേൽ…” എന്ന ഗാനം ആലപിച്ച് അദ്ദേഹം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള താല്പര്യത്തെയും കഴിവിനെയും എല്ലാവരും അഭിനന്ദിച്ചിരുന്നു.
വർഗീസ് വർക്കി ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവകാംഗമായിരുന്നു. കൂടാതെ, കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ (കോട്ടയം ചെറിയ പള്ളി) അംഗവും നട്ടാശ്ശേരി ഇരുപതിൽ കുടുംബാംഗവുമാണ്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് വീട്ടിൽ നടന്ന പ്രാർത്ഥനകൾക്ക് ഇടവക വികാരി ഫാ. ജോസൻ ജോൺ, ഫാ. ടോം ജേക്കബ് എന്നിവർ നേതൃത്വം നൽകി. മൃതസംസ്കാരം യുകെയിൽ വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.