കൽദായ സഭയുടെ ശ്രേഷ്ഠ ഇടയനും ഇന്ത്യയിലെ പാത്രിയാർക്കൽ പ്രതിനിധിയുമായിരുന്ന ഡോ.മാർ അപ്രേമിന് സാംസ്കാരിക നഗരി ഇന്നു വിട ചൊല്ലും. സഭയുടെ മുൻ മേലധ്യക്ഷൻ കൂടിയായ മാർ അപ്രേമിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാർത്ത് മറിയം വലിയ പള്ളിക്കു സമീപത്തെ കുരുവിളയച്ചൻ പള്ളിയിൽ. രാവിലെ 7ന് പ്രത്യേക കുർബാന. പത്തോടെ പ്രധാന സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 11ന് സ്വരാജ് റൗണ്ട് ചുറ്റി നഗരികാണിക്കൽ. ഉച്ചയ്ക്ക് ഒന്നോടെ വിലാപയാത്ര തിരികെ മാർത്ത് മറിയം പള്ളിയിലെത്തും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം.
ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് മുഖ്യകാർമികത്വം വഹിക്കും. തൃശൂരിൽ കബറടങ്ങിയിരിക്കുന്ന വിശുദ്ധ മാർ അബിമലേക് തിമോഥെയൂസ്, മാർ ഔദീശോ, മാർ തോമ ധർമോ, മാർ തിമോഥെയൂസ് രണ്ടാമൻ, ഡോ.പൗലോസ് മാർ പൗലോസ് എപ്പിസ്കോപ്പ എന്നീ സഭാ പിതാക്കന്മാർക്കു സമീപമാണു ഡോ.മാർ അപ്രേമിനും കല്ലറ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 3ന് പള്ളിയിൽ അനുശോചന സമ്മേളനം.
1968 മുതൽ അരനൂറ്റാണ്ടിലേറെ കൽദായ സഭയെ നയിച്ച മാർ അപ്രേം തിങ്കളാഴ്ച രാവിലെയാണ് കാലം ചെയ്തത്. 85 വയസ്സായിരുന്നു. 2022ൽ പദവിയൊഴിഞ്ഞ ശേഷം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണു വിയോഗം.
പൊതുദർശനമുണ്ടായിരുന്ന ഇന്നലെയും മാർത്ത് മറിയം പള്ളിയിലെത്തി ഒട്ടേറെപ്പേർ മാർ അപ്രേമിന് ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രി കെ. രാജൻ, സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കലക്ടർ അർജുൻ പാണ്ഡ്യൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയസ്, തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ.സാമുവൽ മാർ തെയോഫിലോസ് മലയാള മനോരമയ്ക്കു വേണ്ടി തൃശൂർ കോഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻകുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.