എറണാകുളം ഓടക്കാലിയില്‍ മുഖ്യമന്ത്രിയുടെ ബസിനുനേരെ കറുത്ത ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.
കണ്ടാലറിയാവുന്ന നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം കെ.സ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല. പെരുമ്പാവൂരിലും കുറുപ്പംപടിയിലും നവകേരള സദസ് ബസിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
കോതമംഗലത്ത് മുഖ്യമന്ത്രിയുടെ ബസിന് നേരെ മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഷൂ എറിഞ്ഞ നടപടിയെ പിന്നീട് പൊതുയോഗത്തില്‍ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഏറിനൊക്കെ പോയാല്‍ അതിന്‍റേതായ നടപടികള്‍ തുടരുമെന്നും അന്നേരം വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.