കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വിമാനമിറങ്ങി. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.
നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്തളത്തിലേക്ക് ഹെലികോപ്റ്ററിൽ യാത്ര. അതിനു ശേഷം റോഡ് ഷോ കഴിഞ്ഞ് ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ വിശ്രമം. ബുധനാഴ്ച രാവിലെ ആറു മണിക്ക് ഹെലികോപ്റ്ററിൽ തൃശൂരിലേക്കു തിരിക്കും. ക്ഷേത്ര ദർശനത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും.
ഗുരുവായൂരിൽ നിന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്കാണു പ്രധാനമന്ത്രി പോകുക. അതിനു ശേഷം തിരിച്ച് കൊച്ചിയിലേക്ക്. ഇവിടെ കൊച്ചിൻ ഷിപ്പ്‌യാർഡിന്‍റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. അതിനു ശേഷം പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ എൽപിജി ഇറക്കുമതി ടെർമിനൽ ഉദ്ഘാടനം. തുടർന്ന് മറൈൻ ഡ്രൈവിൽ ബിജെപി സമ്മേളനത്തിലും പങ്കെടുത്ത ശേഷമാണ് ഡൽഹിക്കു മടങ്ങുക.