തിരുവനന്തപുരം: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്‌ചാത്തലത്തിൽ കേരളത്തിലുള്ള മുഴുവൻ പാക്കിസ്‌ഥാൻ പൗരൻമാർക്കും തിരികെ മടങ്ങാൻ നിർദ്ദേശം നൽകി. നിലവിൽ 102 പാക്കിസ്‌ഥാൻ പൗരൻമാരാണ് കേരളത്തിലുള്ളത്. ഇതിൽ പകുതി പേരും ചികിൽസാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തി.
മെഡിക്കൽ വിസയിൽ എത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27ന് മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. തമിഴ്‌നാട്ടിലുള്ള 200ഓളം പാക്ക് പൗരൻമാരെ തിരിച്ചയക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പാക്കിസ്‌ഥാൻ പൗരൻമാർക്കുള്ള എല്ലാത്തരം വിസാ സർവീസുകളും ഇന്ത്യ സസ്‌പെൻഡ് ചെയ്‌തിരുന്നു.
പാക്കിസ്‌ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാർക്ക് വിസാ ഇളവ് പദ്ധതിയിലൂടെ പാക്ക് പൗരൻമാർക്ക് ഇന്ത്യയിൽ പ്രവേശിക്കാനാകില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സിന്ധൂനദീജല കരാർ മരവിപ്പിച്ചുകൊണ്ടുള്ള വിജ്‌ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി.
പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്‌കി അതിർത്തികളിൽ പാക്കിസ്‌ഥാൻ റേഞ്ചേഴ്‌സുമായി ചേർന്ന് ബിഎസ്എഫ് ദിവസേന നടത്താറുള്ള റിട്രീറ്റ് സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാർ നടത്തിവരുന്ന പ്രതീകാൽമക ഹസ്‌തദാനം ഇനിയുണ്ടാകില്ല. ഇരുവിഭാഗത്തെയും ഗേറ്റുകളും പരേഡിൽ ഉടനീളം അടഞ്ഞുകിടക്കും.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്‌മീരിൽ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് നോർക്ക അറിയിച്ചു. ആറ് സംഘങ്ങളിൽ ഉൾപ്പെട്ടവരാണിവർ. നേരത്തെ, നോർക്കയുടെ ഹെൽപ്പ് ലൈനിൽ ഇവർ രജിസ്‌റ്റർ ചെയ്‌തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്‌ടമായി. ഇതുവരെ 51 സംഘങ്ങളിലെ 560ലധികം മലയാളികളെ കണ്ടെത്തി കശ്‌മീരിന് പുറത്തെത്തിക്കാൻ കഴിഞ്ഞു.