തെലങ്കാന ആസ്ഥാനമായുള്ള ഷംഷാബാദ് രൂപത ബിഷപ്പായ റാഫേൽ തട്ടിലിനെ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേൽ തട്ടിൽ പിതാവിനെ തിരഞ്ഞെടുത്തത്. സഭയുടെ ചരിത്രത്തിലെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അദ്ദേഹം ചുമതലയേല്‍ക്കും. വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.
1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടില്‍ ജനിച്ചത്. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍, തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂർത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമിൽ ഉന്നത പഠനത്തിനായി പോയി. റോമിൽ നിന്ന് തിരികെ വന്ന ശേഷം സിറോ മലബാർ സഭയിൽ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ച അദ്ദേഹത്തെ 2010 ഏപ്രിൽ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നൽകി. 2017 ഒക്ടോബർ പത്തിന് ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പായാണ് മാർപാപ്പ റാഫേൽ തട്ടിലിനെ നിയമിച്ചത്.
മേജർ ആർച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ലെന്ന് റാഫേൽ തട്ടിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നിച്ച് ചേർന്ന് നിൽക്കണം, ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെ, ഒരു ശരീരത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ആരോഗ്യം, മെത്രാൻ പൊതുസ്വത്താണെന്നും റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. പ്രതിസന്ധികള്‍ ചക്രവാളങ്ങളാണെന്നും ഒരു പ്രതിസന്ധിയും അവസാനമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാ പ്രതിസന്ധിയും ചക്രവാളമാണ്. ഒരു സൂര്യോദയമുണ്ട്. എല്ലാ പ്രതിസന്ധികളില്‍നിന്നും പുതിയ ഉദയമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടു പോകുമെന്നതാണ് മനസ്സിലുള്ള സ്വപ്‌നം. കുര്‍ബാന തര്‍ക്കത്തെ കുറിച്ച് ഇപ്പോള്‍ ഒരു അഭിപ്രായം ഒന്നിച്ചു പറയുന്നില്ല. എല്ലാവരെയും കേട്ട ശേഷം എങ്ങനെയാണ് ഇതിലൊരു പരിഹാരം ഉണ്ടാക്കാം എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ബാന തര്‍ക്കം, സഭാ ഭൂമിയിടപാട് അടക്കമുള്ള വിഷയങ്ങളില്‍ സഭയില്‍ ചേരിതിരിവ് രൂക്ഷമാകുകയും വിവാദങ്ങള്‍ക്കൊടുവില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയുകയും ചെയ്തതോടെയാണ് സിനഡ് ചേര്‍ന്ന് പുതിയ തലവനെ തിരഞ്ഞെടുത്തത്. എറണാകുളം അങ്കമാലി അതിരൂപത ഇതുവരെ കുര്‍ബാന ഏകീകരണം എന്ന സഭാ നിലപാടിനോട് പൂര്‍ണമായും യോജിച്ചിട്ടില്ല. ഇങ്ങനെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്താണ് വലിയ ദൗത്യം മാര്‍ റാഫേല്‍ തട്ടിലിനെ സഭ ഏല്‍പിക്കുന്നത്.