തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് (34) ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ കേഡൽ ജിൻസൻ രാജ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ കൊന്ന കേസിലാണ് വിധി. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയുമാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യം ഉണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ, മനസികരോഗമുള്ള ഒരാൾ എങ്ങനെ മൂന്നുപേരെ കത്തിച്ചുകൊല്ലുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. 2017 ഏപ്രിൽ ഒമ്പതിന് പുലർച്ചെയാണ് ക്ളിഫ് ഹൗസിന് സമീപം ബെയ്‌ൻസ് കോമ്പൗണ്ടിലെ 117ആം നമ്പർ വീട്ടിൽ പ്രഫ. രാജ തങ്കം, ഭാര്യ ജീൻ പത്‌മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൃത്യം നടത്തിയ ശേഷം ഒളിവിൽപ്പോയ രാജ-ജീൻ ദമ്പതികളുടെ മകൻ കേഡൽ ജിൻസൻ രാജയെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയിരുന്നു. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബന്ധുവായ ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.
ആസ്‌ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ ആരാധനയുടെ ഭാഗമായാണ് കൊല നടത്തിയതെന്നും പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, വീട് അഗ്‌നിക്കിരയാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് പ്രതി ആദ്യം പദ്ധതിയിട്ടതെന്നും പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പോലീസ് കണ്ടെത്തൽ. മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്ളസ് ടു പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ പിതാവിൽ നിന്ന് നിരന്തരം അവഗണന നേരിട്ടിരുന്നു. പിതാവിനോട് കടുത്ത വിരോധമായിരുന്നു. അവഗണനയിൽ പ്രതിഷേധിച്ച് രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണ് താൻ കൊല നടത്തിയതെന്ന ജിൻസൻ രാജയുടെ മൊഴിയാണ് റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്.