സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.
നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.
പുന്നയൂർക്കുളം സ്വദേശി ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി ജനനം. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം. പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ചു. തുടർന്ന് മാതൃഭൂമിയിൽ പത്രപ്രവർത്തന ജീവിതം.
കോളജ് പഠനകാലത്ത് പുറത്തിറങ്ങിയ രക്തം പുരണ്ട മണൽത്തരികൾ ആണ് ആദ്യ കഥാസാമാഹാരം. പാതിരാവും പകൽ വെളിച്ചവുമാണ് ആദ്യ നോവൽ. നാലുകെട്ടുമുതൽ വാരാണസി വരെ, കാലം മുതൽ അസുരവിത്തുവരെ. എഴുതിയ നോവലുകളെല്ലാം മലയാളിയുടെ പ്രിയപ്പെട്ടതായി. രണ്ടാമൂഴം ക്ലാസിക് നോവലുകളുടെ കൂട്ടത്തിലിടം പിടിച്ചു.
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം തുടങ്ങിയ കഥകൾ മലയാളി ഹൃദയങ്ങൾ കീഴടക്കി. ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, പരിണയം, വൈശാലി, സദയം തുടങ്ങി 30 സിനിമകൾക്ക് തിരക്കഥയെഴുതി. മഞ്ഞിലെ വിമലയും നാലുകെട്ടിലെ അപ്പൂണ്ണിയും അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്രലോകത്തെത്തുന്നത്. നിർമ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘നിർമാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതൽ ഒട്ടനവധി പുരസ്‌കാരങ്ങൾ. 2005ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. നർത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. സിതാരയും അശ്വതിയുമാണ് മക്കൾ.