കൊല്ലം തെക്കുംഭാഗം തേവലക്കരയിൽ വയോധികയെ ക്രൂരമായി മർദിച്ച മരുമകൾ പൊലീസ് കസ്റ്റഡിയിൽ. കസേരയിലിരിക്കുന്ന 80 കാരിയായ വയോധികയെ മകന്‍റെ ഭാര്യ മഞ്ജുമോൾ തോമസ് തള്ളിയിടുന്നതും മർദിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇത് വൻ പ്രതിഷേധത്തിന് വഴി വച്ചിരുന്നു പിന്നാലെ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 42 കാരിയായ മഞ്ജു മോളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കുടുംബ വഴക്കാണ് ഇതിനു കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളെന്ന് പൊലീസ് പറഞ്ഞു. വയോധികയെ യുവതി മർദിക്കുന്നതും വഴക്കു പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കസേരയിലിരിക്കുന്ന വയോധികയോട് എഴുന്നേറ്റുമാറാൻ പറയുകയും പിന്നാലെ തള്ളി നിലത്തിടുകയുമാണ്. തുടർന്ന് സെക്കൻഡുകൾക്കു ശേഷം നിലത്തു നിന്നും പ്രയാസപ്പെട്ട് എഴുന്നേൽക്കുന്ന വയോധിക ഞാനൊന്നും പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞ ശേഷം മാറിപോവുന്നതും കാണാം.
മാത്രമല്ല വീഡിയോ പകർത്തുന്ന ആൾക്കു നേരെ യുവതി നഗ്നത പ്രദർശനവും നടത്തുന്നുണ്ട്. വീഡിയോ പകര്‍ത്തുന്നത് ഒരു പുരുഷൻ ആണെന്നാണ് വ്യക്തമാവുന്നത്. ഇത് വയോധികയുടെ മകൻ തന്നെ ആണെന്നാണ് നിഗമനം. വിഡിയോ ദൃശ്യങ്ങളിൽ പ്രതിക്കും വയോധികയ്ക്കും പുറമേ ചെറിയ 2 കുട്ടികളെയും കാണാം.
മുൻപും മഞ്ജുമോൾ വയോധികയെ മർദിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവർ പൊലീസിൽ പരാതി നൽകിയതായും വിവരമുണ്ട്. അന്ന് പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയെങ്കിലും പ്രതി വീണ്ടും വൃദ്ധയെ മർദിക്കുകയായിരുന്നെന്നാണ് വിവരം.