മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ ആന്‍റണിയുടെയും നാൽപതുകോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് ഉത്തരവിട്ടത്.
അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. സിനിമക്കായി 7 കോടി രൂപ മുടക്കിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. ചിത്രത്തിന്‍റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.