ക്രിപ്‌റ്റോ കറന്‍സി വഴി അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ചെയ്തു കൊടുത്ത വിദേശപൗരന്‍ തിരുവനന്തപുരത്ത് പിടിയില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസാണ് അലക്‌സ് ബെസിയോക്കോവ് (46) എന്ന ലിത്വാനിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് ഇയാള്‍.
കുടുങ്ങിയത് ചില്ലറക്കാരനല്ല
അലക്‌സും ഇയാളുടെ ബിസിനസ് പങ്കാളിയായ അലക്‌സാണ്ടര്‍ മിറ സെര്‍ദ (40) എന്നയാളും ചേര്‍ന്നാണ് ഗാരന്റക്‌സിന് തുടക്കമിടുന്നത്. ഇരുവരും ചേര്‍ന്ന് 2019-2025 കാലയളവില്‍ 96 ബില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കായി നടത്തിയെന്നാണ് കേസ്. ഇയാള്‍ക്കെതിരേ യു.എസിലടക്കം നിരവധി കേസുകളുണ്ട്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് കുറ്റവാളിയാണ് അറസ്റ്റിലായ അലക്‌സ്.
ഭീകരപ്രവര്‍ത്തകര്‍, ലഹരിക്കടത്ത് സംഘങ്ങള്‍, ഹാക്കിംഗ് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കി നല്‍കി ഗാരന്റക്‌സ് വന്‍തോതില്‍ വരുമാനം നേടി. ഈ കമ്പനിക്കെതിരേ യു.എസില്‍ അടുത്തിടെ നടപടികള്‍ ആരംഭിച്ചിരുന്നു. ഗാരന്റക്‌സിന്റെ സെര്‍വറുകള്‍ ജര്‍മനി, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു. ഈ രാജ്യങ്ങളുമായി ചേര്‍ന്ന് ഇവ പിടിച്ചെടുക്കുകയും കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
വര്‍ക്കലയിലെ ഹോംസ്‌റ്റേയില്‍ കുടുംബസമേതം താമസിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി പാട്യാല കോടതിയാണ് ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പ്രതിയെ യു.എസിന് കൈമാറുമെന്നാണ് വിവരം.