തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.
രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147 ആയി ഉയർന്നു. മൂന്ന് കൊവിഡ് മരണം കൂടി ഈ ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 511 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതിൽ 227 കേസുകളും കേരളത്തിലാണ്. 72 പേർക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടായത്.
പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിലുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിശോധന കേരളത്തിൽ കൂടുന്നതാണ് ഇതിന് കാരണമെന്നാണ് സർക്കാർ വ്യത്തങ്ങൾ വിശദീകരിക്കുന്നത്.