കോട്ടയം/ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ താമസിച്ചിരുന്ന കോട്ടയം വാകത്താനം സ്വദേശി ജിബു പുന്നൂസിനെ (49) കോട്ടയത്തെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടനുസരിച്ച്, മരണം ഹൃദയാഘാതം മൂലമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരു മാസത്തോളമായി കോട്ടയം അണ്ണാൻകുന്നിലെ സിറ്റി പ്ലാസയിലുള്ള ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ജിബു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ഫ്ലാറ്റിലെ ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
ഡബ്ലിനിലെ തലായിൽ താമസിച്ചിരുന്ന ജിബു, ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ സന്ധ്യ, മക്കളായ സാറ, ജുവാൻ എന്നിവർ ഡബ്ലിനിലാണ്. ഡബ്ലിനിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ജിബുവിൻ്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.