ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്തി ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച രാത്രി പാകിസ്താന്‍ നടത്തിയ നീക്കം ഇന്ത്യ പാടേ തകര്‍ത്തു. യുഎഎസ് ഗ്രിഡും വ്യോമ സംവിധാനങ്ങളും ഉള്‍പ്പെടുന്ന എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് പാകിസ്താനി മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ സൈന്യം നിര്‍വീര്യമാക്കി. പാക് പ്രകോപനത്തിനു മറുപടിയായി ലാഹോര്‍ ഉള്‍പ്പെടെ പാകിസ്താനിലെ വിവിധയിടങ്ങളിലുള്ള വ്യോമപ്രതിരോധ റഡാറുകള്‍ ലക്ഷ്യമാക്കി ഇന്ത്യ ആക്രമണം നടത്തിയതായി ഇന്ത്യന്‍ സായുധസേന വൃത്തങ്ങള്‍ വ്യാഴാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.
മേയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടത്തിയ പ്രത്യാക്രമണത്തെ കുറിച്ച് രാജ്യം നല്‍കിയ വിശദീകരണത്തില്‍ പാക് സൈനികതാവളങ്ങളെ
ഇന്ത്യ ലക്ഷ്യമിടുന്നില്ല എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഭീകരരുടെ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും പ്രത്യേകം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന് പാകിസ്താന്‍ മുതിരുകയാണെങ്കില്‍ തക്കതായ തിരിച്ചടി ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കി. ആ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ടുള്ള നീക്കമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്.
ബുധനാഴ്ച്ച രാത്രി ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 15 നഗരങ്ങള്‍ ആക്രമിക്കാനായിരുന്നു പാക് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുവര്‍ണക്ഷേത്രമുള്‍പ്പെടെ പാക് ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. പാകിസ്താന്‍ ലക്ഷ്യംവെച്ച നഗരങ്ങള്‍ ഇവയാണ്:
- അവന്തിപുര
- ശ്രീനഗര്‍
- ജമ്മു
- പത്താന്‍കോട്ട്
- അമൃത്‌സര്‍
- കപൂര്‍ത്തല
- ജലന്ധര്‍
- ലുധിയാന
- ആദംപുര്‍
- ഭട്ടിണ്ഡ
- ചണ്ഡീഗഡ്
- നല്‍
- ഫലോദി
- ഉത്തര്‍ലായ്
- ഭുജ്