യാത്രക്കാർക്ക് നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന (എക്സ്പ്രസ് ലൈറ്റ് ഫെയർ) ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. എക്സ്പ്രസ് ലൈറ്റ് ചെക്ക് ഇൻ ബുക്ക് ചെയ്യുന്നവർക്കു കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും വരി നിൽക്കുന്നത് ഒഴിവാക്കാം. ഇവർക്ക് ഉയർന്ന ഹാൻഡ് ബാഗേജ് അലവൻസും ലഭിക്കും.
എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യ ഹാൻഡ് ബാഗേജ് അലവൻസ് ഏഴിനു പകരം 10 കിലോഗ്രാം ആണ് അനുവദിക്കുക. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും കഴിയും. പണം നൽകി യാത്രാ തീയതി മാറ്റാനും ഇവർക്ക് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
എയർലൈനിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും പ്രത്യേക നിരക്കുകളിൽ യാത്ര ബുക്ക് ചെയ്യാം.