യു കെ / കോട്ടയം : മലയാളക്കരക്ക് അഭിമാനമായി ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിജ് സിറ്റി കൗണ്‍സിലിന്റെ മേയറായി കോട്ടയം ആര്‍പ്പൂക്കര സ്വദേശി ബൈജു വര്‍ക്കി തിട്ടാല സ്ഥാനമേറ്റു. കേംബ്രിജ് കൗണ്‍സിലിലെ ഗില്‍ഡ്ഹാളില്‍ ഇന്നലെ രാവിലെ 11 ന് നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തിലാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ ബൈജു ചുമതലയേറ്റത്. ഒരു വര്‍ഷമാണ് മേയര്‍ പദവിയില്‍ ബൈജുവിന്റെ കാലാവധി.
കേംബ്രിജിലെ 42 അംഗ കൗണ്‍സിലില്‍ 25 പേരുടെ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്. നിലവില്‍ മേയറായ കൗണ്‍സിലര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജുവിന്റെ നിയമനം. ചടങ്ങില്‍ ഭാര്യ ആന്‍സി തിട്ടാല, മക്കളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോണ്‍സ് തിട്ടാല എന്നിവരെ കൂടാതെ യു.കെയിലെസുഹൃത്തുക്കളും പങ്കെടുത്തു.
സമീപകാലത്ത് ബ്രിട്ടനിലെ സിറ്റി കൗണ്‍സിലുകളില്‍ മേയറാകുന്ന ഏഴാമത്തെ മലയാളിയാണ് ബൈജു തിട്ടാല. ഒരു വര്‍ഷമായി കേംബ്രിജ് സിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സാധാരണ കുടിയേറ്റക്കാരനായി കുടുംബസമേതം ബ്രിട്ടനിലെത്തിയ ബൈജു തന്റെ കഠിന പ്രയത്‌നത്തിലൂടെയാണ് കേംബ്രിജ് നഗരപിതാവ് എന്ന പദവിയില്‍ എത്തുന്നത്. യു.കെയില്‍ വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന ബൈജു 2008ല്‍ കേംബ്രിജ് റീജ്യനല്‍ കോളജില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്.
2013ല്‍ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബിയും ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയില്‍ നിന്ന് എംപ്ലോയ്മെന്റില്‍ ഉന്നത ബിരുദവും നേടി. 2018ല്‍ ആദ്യമായി കേംബ്രിജിലെ ഈസ്റ്റ് ചെസ്റ്റര്‍ട്ടന്‍ വാര്‍ഡില്‍ നിന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ കൗണ്‍സിലറായി വിജയിച്ചത്. അറിയപ്പെടുന്ന ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്റര്‍ കൂടിയാണ് കോട്ടയം കരിപ്പൂത്തട്ട് തിട്ടാല പാപ്പച്ചന്‍-ആലീസ് ദമ്പതികളുടെ മകനായ ബൈജു. കേംബ്രിജില്‍ നഴ്‌സിങ് ഹോം യൂനിറ്റ് മാനേജരാണ് ഭാര്യ ആന്‍സി.