മാല്ലോ, കൗണ്ടി കോർക്ക് – കൗണ്ടി കോർക്കിലെ മാല്ലോക്ക് സമീപമുള്ള ബ്ലാക്ക് വാട്ടർ നദിയിൽ കഴിഞ്ഞ മാസം 32,000-ത്തോളം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ, വിപുലമായ അന്വേഷണത്തിനൊടുവിലും മരണകാരണം കണ്ടെത്താനായില്ല. ഇതോടെ വിവിധ ഏജൻസികൾ ഉൾപ്പെട്ട അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിച്ചു.
- ഏകദേശം 32,000-ത്തോളം സാൽമൺ, ബ്രൗൺ ട്രൗട്ട് മത്സ്യങ്ങളാണ് ജലത്തിലെ അജ്ഞാത രാസവസ്തുവിൻ്റെ (environmental irritant) സാന്നിധ്യം മൂലം ചത്തതെന്നാണ് ഏജൻസികളുടെ കണക്കുകൂട്ടൽ. വിപുലമായ അന്വേഷണങ്ങൾ നടത്തിയിട്ടും, മത്സ്യങ്ങളുടെ കൂട്ടമരണത്തിന് കാരണമായ രാസവസ്തുവിനെയോ അതിൻ്റെ ഉറവിടത്തെയോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചത്ത മത്സ്യങ്ങളിൽ നടത്തിയ പരിശോധനയിൽ രോഗങ്ങൾ, കീടനാശിനികൾ, മറ്റ് രാസവസ്തുക്കൾ, ഹെവി മെറ്റലുകൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയില്ല. മരണങ്ങൾ ശ്രദ്ധയിൽപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് നദിയുടെ ഉയർന്ന ഭാഗത്ത് ജലത്തിലൂടെ ഒരു രാസവസ്തു എത്തിയിരിക്കാം എന്നാണ് റിപ്പോർട്ടിലെ പ്രധാന നിഗമനം. ഈ രാസവസ്തു പെട്ടെന്ന് അപ്രത്യക്ഷമായതിനാലാണ് സാമ്പിളുകളിൽ കണ്ടെത്താൻ സാധിക്കാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
നഷ്ടപ്പെട്ട മത്സ്യങ്ങളുടെ എണ്ണം 32,000 വരെയാകാമെന്ന് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് (IFI) കണക്കാക്കുന്നു. എന്നാൽ, ഈ സംഭവം ഒറ്റത്തവണ മാത്രമുള്ളതായിരുന്നു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ടെന്ന് ഇൻലാൻഡ് ഫിഷറീസ് ചുമതലയുള്ള സ്റ്റേറ്റ് മിനിസ്റ്റർ ടിമ്മി ഡൂലി അറിയിച്ചു.
നിലവിൽ ബ്ലാക്ക് വാട്ടർ നദിയിൽ മത്സ്യബന്ധനം തുടരുകയാണ്. ജലത്തിൻ്റെ നിലവാരത്തിൽ പ്രശ്നങ്ങളൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും മല്ലോയിലെ ജലശുദ്ധീകരണ പ്ലാൻ്റിലെ പരിശോധനാ ഫലങ്ങൾ പ്രകാരം കുടിവെള്ളം സുരക്ഷിതമാണെന്നും കാലാവസ്ഥ, ഊർജ്ജ, പരിസ്ഥിതി വകുപ്പ് അറിയിച്ചു.


