ഡബ്ലിൻ – റോബോട്ടിക്‌സിലെ ഒളിംപിക്‌സ് എന്ന് അറിയപ്പെടുന്ന ഫസ്‌റ്റ് ഗ്ലോബൽ ചലഞ്ചിൽ അയർലൻഡ് ടീം മികച്ച നേട്ടം കൈവരിച്ചു. അമേരിക്കയിലെ പാനമ സിറ്റിയിൽ വെച്ച് 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന ഈ അന്താരാഷ്ട്ര ചാംപ്യൻഷിപ്പിൽ അയർലൻഡ് എട്ടാം സ്‌ഥാനം നേടി.
ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽനിന്നുള്ള 600-ൽ അധികം ടീമുകൾ പങ്കെടുത്ത ഒളിംപ്യാഡ് ഫൈനലിൽ എട്ടാം സ്‌ഥാനം കരസ്ഥമാക്കിയത് അയർലൻഡിൻ്റെ ചരിത്രപരമായ നേട്ടമാണ്. ഈ വിജയത്തിൽ പങ്കാളികളായ എട്ട് വിദ്യാർഥികളിൽ മലയാളികളായ ജോയൽ ഇമ്മാനുവലും അമൽ രാജേഷും ഉൾപ്പെടുന്നു എന്നത് മലയാളികൾക്ക് ഇരട്ടി മധുരമായി.
വിദ്യാർഥികളെക്കുറിച്ച്:
- ജോയൽ ഇമ്മാനുവൽ: ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന സ്പൈസ് വില്ലേജ് റസ്‌റ്ററൻ്റ് & കാറ്ററിങ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഇമ്മാനുവൽ തെങ്ങുംപള്ളിയുടെയും നഴ്‌സ് മാനേജർ റീത്താ ഇമ്മാനുവലിൻ്റെയും മകനാണ്. ലിവിങ് സെർട്ട് വിദ്യാർഥിയായ ജോയൽ ഇതിനു മുൻപ് ബിടി യങ് സയന്റിസ്‌റ്റ് ആൻഡ് ടെക്നോളജി അവാർഡ് നേടിയിട്ടുണ്ട്.
- അമൽ രാജേഷ്: ലൂക്കൻ ലിഫി വാലിയിൽ താമസിക്കുന്ന കമ്പ്യൂട്ടർ എൻജിനീയർ രാജേഷിൻ്റെയും നഴ്‌സ് മാനേജറായ ബെറ്റ്സിയുടെയും മകനാണ്. അമലും ലിവിങ് സെർട്ട് വിദ്യാർഥിയാണ്.
എൻജിനീയർമാരുടെയും ശാസ്ത്രജ്‌ഞരുടെയും പുതിയ തലമുറയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) മേഖലയിലെ യുവജനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കാൻ ഈ മത്സരം സംഘടിപ്പിക്കുന്നത്. അയർലൻഡിലെ ഏറ്റവും നൂതനമായ ലബോറട്ടറികളിൽ, റോബോട്ടിക് മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ടീമിന് പരിശീലനം ലഭിച്ചത്.
രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ യുവ എൻജിനീയർമാർ ഉൾപ്പെട്ട ടീമിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോയലും അമലും പ്രതികരിച്ചു. ടീം അംഗങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും, ഡബ്ലിൻ എയർപോർട്ടിൽ ടീമിന് ഉജ്വലമായ വരവേൽപ്പ് നൽകുകയും ചെയ്തു
