അയർലൻഡിലെ ഡബ്ലിനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബാംഗമായ സാൻജോ സുനിൽ (31) ആണ് മരിച്ചത്. ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ് ടൗണിലുള്ള വസതിയിലാണ് സാൻജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെറും ഒരു മാസം മുൻപാണ് സാൻജോ ഡിപെൻഡന്റ് വിസയിൽ അയർലൻഡിലെത്തിയത്. നേരത്തെ ഇസ്രയേലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അവിടെ നിന്നാണ് അയർലൻഡിലേക്ക് താമസം മാറിയത്. ഡബ്ലിനിൽ നഴ്‌സായി ജോലി ചെയ്യുന്ന ലിഷ്മ ഫിലിപ്പാണ് ഭാര്യ. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.
ഭർത്താവിന്റെ വേർപാടിനെത്തുടർന്ന് കടുത്ത മാനസികാഘാതത്തിലായ ലിഷ്മയെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ലിഷ്മ അപകടനില തരണം ചെയ്തതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.
അയർലൻഡിലെത്തി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രാദേശിക മലയാളി സമൂഹത്തിലും ക്രിക്കറ്റ് ക്ലബ്ബുകളിലും സജീവ സാന്നിധ്യമായിരുന്നു സാൻജോ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്.
സാൻജോയുടെ കുടുംബത്തെ സഹായിക്കാനും ലിഷ്മയ്ക്ക് ആവശ്യമായ പിന്തുണ നൽകാനും അയർലൻഡിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും സജീവമായി രംഗത്തുണ്ട്. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

