ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും കുടിയേറി അയർലണ്ടിലെ കാവനിൽ സ്ഥിരതാമസമാക്കിയ ദേവസ്യ പടനിലം ചെറിയാൻ (സാജൻ) (49) നിര്യാതനായി. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച (03/01/2025) വെളുപ്പിന് കാവൻ ജനറൽ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അയർലൻഡ് ആരോഗ്യ വകുപ്പിന് കീഴിലുള്ള കാവൻ ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ്. സ്മിത രാജുവാണ് ഭാര്യ. മകൻ സിറോൺ. പിതാവ് ചെത്തിപ്പുഴ ചെറിയാൻ പടനിലം ദേവസ്യ. മാതാവ് പരേതയായ മേരിക്കുട്ടി ചെറിയാൻ. സൈജു (യുകെ), സനുമോൾ (ആസ്ട്രേലിയ) എന്നിവർ സഹോദരങ്ങളാണ്.
അയർലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ദേവസ്യ കോർക്കിൽ നിന്നും നാലു വർഷങ്ങൾക്ക് മുൻപാണ് കാവനിലേക്ക് താമസം മാറിയത്. അയർലണ്ട് പ്രവാസികളുടെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ദേവസ്യ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്ഥാപക അംഗങ്ങളിൽ ഒരാളും ദീർഘകാലം ഭാരവാഹിയുമായിരുന്നു. അയർലണ്ടിൽ പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഥമചാരിറ്റി സംരംഭമായ ഷെയറിങ് കെയറിന്റെ സ്ഥാപകാംഗവും ആദ്യത്തെ സെക്രട്ടറിയുമായിരുന്നു. കൂടാതെ കോർക്കിലെ മലയാളി കത്തോലിക്ക സമൂഹത്തിൻ്റെ പ്രഥമ സെക്രട്ടറിയായും സെ. ജോസഫ് സൺഡേ സ്‌കൂളിൻ്റെ പ്രഥമ സെക്രട്ടറി, പ്രധാനാധ്യാപകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
മൃതസംസ്കാരം അയർലണ്ടിൽ വച്ച് നടത്തപ്പെടും. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.