ഓപ്പർച്ചൂണിറ്റി കാർഡ് എന്ന പേരിൽ ജര്‍മനിയുടെ പുതിയ തൊഴിൽ അന്വേഷക വിസ നിലവിൽ വന്നു. വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് ജർമൻ സർക്കാരിന്‍റെ ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ തേടുന്ന ഇന്ത്യക്കാർ അടക്കമുള്ളവർക്ക് വലിയ സാധ്യതകളാണ് ഇതിലൂടെ തുറന്നു കിട്ടുന്നത്.
പുതിയ ജോബ് സീക്കർ വിസയുടെ പ്രവർത്തനം ടെമ്പററി വര്‍ക്ക് വിസ പോലെയായിരിക്കും. ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ജര്‍മനിയിലെത്തി പാര്‍ട്ട് ടൈം ജോലി ചെയ്യാൻ അനുവാദമുണ്ടാകും. ഒരു വര്‍ഷം വരെ രണ്ടാഴ്ച വീതം ട്രയല്‍ ജോലികളും ചെയ്യാൻ സാധിക്കും. ജർമനി നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഫെഡറൽ ഗവൺമെന്‍റ് സ്വീകരിച്ച നിരവധി മാര്‍ഗങ്ങളിലൊന്നാണ് ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് സമ്പ്രദായം. രാജ്യത്തെത്തുന്നതും ജോലി തുടങ്ങുന്നതും വിദേശികളെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
പ്രതിവര്‍ഷം നാലു ലക്ഷം വിദഗ്ധ തൊഴിലാളികളെ വിദേശരാജ്യങ്ങളില്‍ നിന്ന് ആകര്‍ഷിക്കുമെന്ന വാഗ്ദാനമാണ് ജര്‍മനിയിലെ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോൾ നടത്തിയിരുന്നത്. രാജ്യം അമ്പതു ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടും എന്ന മുന്നറിയിപ്പിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ വാഗ്ദാനം.
ഇതു കണക്കിലെടുക്കുമ്പോള്‍ പോലും, ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് വഴി അത്രയൊന്നും അപേക്ഷരുണ്ടാകില്ല എന്നാണ് ജർമൻ സർക്കാർ കണക്കാക്കുന്നത്.
പ്രതിവർഷം ശരാശരി മുപ്പതിനായിരം പേർ മാത്രമേ ഓപ്പർച്ചൂണിറ്റി കാർഡിന് അപേക്ഷിക്കൂ എന്നാണ് കണക്കാക്കുന്നത്. ജർമനിക്ക് ആവശ്യമുള്ളതിന്‍റെ വെറും ഏഴര ശതമാനം മാത്രമേ ആകുന്നുള്ളൂ ഇത്. 2022ല്‍, അംഗീകൃത യോഗ്യതയുള്ള 38,820 വിദഗ്ധ തൊഴിലാളികള്‍ മാത്രമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ജര്‍മനിയിലേക്ക് കുടിയേറിയിട്ടുള്ളത്.