കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസ്സുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച മരിച്ച അനയയുടെ ഏഴ് വയസ്സുള്ള സഹോദരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇരുവരും ഒരേ കുളത്തിൽ കുളിച്ചിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ചുപേർ ചികിത്സയിലുണ്ട്. മലപ്പുറം സ്വദേശിയായ 49-കാരൻ, ചേളാരി സ്വദേശിയായ 11-കാരി, ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 38-കാരൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിനടുത്തുള്ള കുളത്തിൽ നീന്തിയിരുന്നു. ഈ കുളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
ശുദ്ധമല്ലാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവരിലാണ് ഈ രോഗം അപൂർവമായി കണ്ടുവരുന്നത്. നേഴ്സെറിയ ഫൗലേറി, അക്കാന്ത അമീബ തുടങ്ങിയ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള മാരകമായ രോഗമാണിത്. മൂക്കിലൂടെയോ ചെവിയിലൂടെയോ തലച്ചോറിലെത്തുന്ന അമീബ മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു.