ടെൽ അവീവ്: ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ. ഇസ്രയേൽ വിമാനത്താവളത്തിൽ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. മേയ് ആറുവരെയാണ് സർവീസുകൾ റദ്ദാക്കിയത്.
ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗൂറിയോണിൽ ഞായറാഴ്‌ച രാവിലെയാണ് യെമനിലെ ഹൂതി വിമതർ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ ഡെൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനം എയർ ഇന്ത്യ വഴിതിരിച്ചു വിട്ടിരുന്നു. അബുദാബിയിലേക്കാണ് വിമാനം വഴിതിരിച്ചു വിട്ടത്.
എയർ ഇന്ത്യയെ കൂടാതെ ജർമനിയുടെ ലുഫ്‌താൻസ, ബ്രിട്ടീഷ് എയർവെയ്‌സ്, യുഎസിന്റെ ഡെൽറ്റ എയർലൈൻസ് എന്നീ കമ്പനികളും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലുഫ്‌താൻസ മേയ് ആറുവരെയും ബ്രിട്ടീഷ് എയർവെയ്‌സ് ഏഴുവരെയുമാണ് സർവീസുകൾ നിർത്തിവെച്ചത്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. മിസൈൽ പതിച്ചുണ്ടായ സ്‍ഫോടനത്തിൽ നാല് പേർക്കും സുരക്ഷിത സ്‌ഥാനം തേടി രക്ഷപ്പെടുന്നതിനിടെ രണ്ടുപേർക്കും പരിക്കേറ്റതായി ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതിനിടെ, ഞങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്‌തിയിൽ തിരിച്ചടിക്കും എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് പ്രതികരിച്ചു.