യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിൻ മത്തായി (41) ആണ് മരിച്ചത്. നഴ്‌സിങ് ഹോമിൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ ലോഫ്റ്റിൽ റിപ്പയർ ജോലിക്കായി കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ തലക്ക് ഗുരുതര പരുക്കേറ്റ അബിനെ ആശുപത്രിയിൽ എത്തിച്ച് അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. മൂന്ന് ദിവസം മുൻപായിരുന്നു അപകടം. അപകട വിവരമറിഞ്ഞു സഹോദരൻ കാനഡയിൽ നിന്നും ഇന്നലെ യുകെയിലെത്തിയിരുന്നു.
നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഒരു വർഷം മുൻപാണ് അബിനും ഭാര്യയും യുകെയിൽ എത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ. വെള്ളാശേരി വെട്ടുവഴിയിൽ മത്തായിയുടെ മകനാണ്. ഭാര്യ: ഡയാന. മക്കൾ: റയാൻ, റിയ. സംസ്കാരം പിന്നീട്.