ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈൻ ആകാൻ ഒരുങ്ങുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാനാകും.
ഭൂമിയിടപാടിന് മുൻപായി വിൽക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റിന് വേണ്ടി റവന്യൂ വകുപ്പിനും സ്കെച്ചിനായി സർവേ വകുപ്പിനും അപേക്ഷ നൽകണം
ഇവ കിട്ടിയാൽ രജിസ്ട്രേഷനിലേക്ക് കടക്കാം. ആധാരത്തിന്റെ വിവിധ മാതൃകകൾ പോർട്ടലിൽ ഉണ്ടാകും. തങ്ങൾക്ക് അനുയോജ്യമായ മാതൃക ആധാരത്തിൽ വ്യക്തിവിവരങ്ങൾ ചേർത്താൽ മതി. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാം.
ഇ- സ്റ്റാമ്പിനും രജിസ്ട്രേഷനുമുള്ള ഫീസ് ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് നേരിട്ട് അടയ്ക്കണം. ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണിത്.
‘ആധാരമെഴുത്ത്’ പൂർത്തിയായാൽ ഒപ്പിടുന്നതിന് ഉടമ സബ് രജിസ്ട്രാർ ഓഫീസിൽ പോകേണ്ടിവരും. സബ് രജിസ്ട്രാർ ഓഫീസിൽ എത്താതെ രജിസ്ട്രേഷൻ നടത്തുന്ന സംവിധാനം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.
രജിസ്ട്രേഷൻ നടക്കുമ്പോൾ തന്നെ സർവേ, റവന്യൂ രേഖകളിൽ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും. അതുകൊണ്ടുതന്നെ പോക്കുവരവ് ചെയ്യാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സ്ഥലപരിശോധന ആവശ്യമുള്ള പോക്കുവരവ് കേസുകളിൽ, ഉദ്യോഗസ്ഥ സംഘത്തിന് തത്സമയം തന്നെ അറിയിപ്പ് നൽകും.
ഐ.എൽ.എം.ഐ.എസ്. പോർട്ടൽ വഴി ഓൺലൈനായി മൂന്നു വകുപ്പുകൾക്കുമുള്ള ഫീസ് അടയ്ക്കാം.