ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം . തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര കമ്മറ്റി അറിയിച്ചു. മെയ് 11ന് ശനിയാഴ്ച ഡബ്ലിനിലും മെയ് 12ന് ഞായറാഴ്ച വാട്ടർഫോർഡിലുമായിട്ടാണ് അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ (eircode- K67P5C7) ശനിയാഴ്ച സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. ബ്രിട്ടന്റെ മുൻപ്രതിപക്ഷ നേതാവും ലേബർ പാർട്ടിയുടെ നേതാവുമായി പ്രവർത്തിച്ച ബ്രിട്ടനിലെ സമുന്നതനായ ഇടതുപക്ഷ നേതാവ് ജെറമി ബർണാഡ് കോർബിൻ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. 1983 മുതൽ പാർലമെൻറ് അംഗമായി കോർബിൻ പ്രവർത്തിക്കുന്നു. വൈകുന്നേരം 3 മുതൽ 6 മണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വാട്ടർഫോർഡിൽ വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടിയിലും സുനിൽ പി. ഇളയിടം പങ്കെടുക്കുന്നതാണ്. വാമയിൽ (Waterford Academy of Music and arts, X91W1XF)വെച്ച് വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടി 7.30ന് ലഘു ഭക്ഷണത്തോടുകൂടി അവസാനിക്കുന്നതാണ്.
ഡബ്ലിനിലും വാട്ടർഫോർഡിലുമായി ക്രാന്തി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി അറിയിച്ചു.