ന്യൂയോര്‍ക്കില്‍ ഭൂചലനം; വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ഭൂഗര്‍ഭ സബ്‌വേ ഒഴിപ്പിച്ചു – Earthquake in New York; Air services were suspended and the underground subway was evacuated
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കേലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. സംഭവം ഭൂചലനമാണ് എന്ന് ജിയോളജി സര്‍വ്വേ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മിതമായ നാശനഷ്ടം വരുത്തുന്ന ഭൂകമ്പങ്ങള്‍ നൂറ്റാണ്ടില്‍ രണ്ട് തവണ സംഭവിക്കാറുണ്ട് എന്ന് യുഎസ്ജിഎസ് പറഞ്ഞു.
ഓരോ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ചെറിയ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുമെന്നും യുഎസ്ജിഎസ് വ്യക്തമാക്കി. ന്യൂ ജേഴ്സിയിലെ ട്യൂക്‌സ്‌ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. നിലവില്‍ ആളപായമോ നാശനഷ്ട്ങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഭൂചനത്തെ തുടര്‍ന്ന് ഭൂഗര്‍ഭ സബ്വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.
തുടര്‍ചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ, ന്യൂജേഴ്സിയിലെ നെവാര്‍ക്ക്, ഫിലാഡല്‍ഫിയ ജെഎഫ്‌കെ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ തല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ കാതി ഹോചുല്‍ പറഞ്ഞു. അതേസമയം നിരവധി പേര്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായും ഏറെ നേരം നീണ്ടുനില്‍ക്കുന്ന പ്രകമ്പനം അനുഭവപ്പെട്ടതായും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചു.
ഐക്യരാഷ്ട്രസഭയില്‍ ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള സുരക്ഷാ കൗണ്‍സില്‍ യോഗം പ്രാരംഭ ഭൂചലനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്ത് തുടരണം എന്നും അപായ സാഹചര്യമുണ്ടായാല്‍ 911 എന്ന നമ്പറില്‍ വിളിക്കാനും അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഫിലാഡല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് വരെയും കിഴക്ക് ലോംഗ് ഐലന്‍ഡിലൂടെയും ഭൂചലനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് പ്രസിഡന്റ് ജോ ബൈഡനെ സ്ഥിതിഗതികള്‍ വിശദീകരിച്ചതായി വക്താവ് കരീന്‍ ജീന്‍ പിയറി പറഞ്ഞു.