യു.എസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത. ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക(40), നാലുവയസുള്ള ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണം കുട്ടികളെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യയാണെന്ന് നിഗമനം.
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് പൊലീസ് ഇവർ താമസിക്കുന്ന വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികളെ കിടപ്പുമുറിയിലും ആനന്ദിനെയും ആലീസിനെയും ബാത്റൂമിലുമാണ് കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും ശരീരത്തിൽ വെടിയേറ്റതിന്റെ അടയാളങ്ങളുണ്ടായിരുന്നു. കുളിമുറിയില്‍നിന്ന് ലോഡ്‌ചെയ്ത നിലയിലുള്ള 9 എം.എം. പിസ്റ്റളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്നാണ് പോലീസിന്റെ പ്രതികരണം. കുട്ടികളെ വിഷം നല്‍കിയോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആനന്ദ് സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നാണ് പ്രാഥമികവിവരമെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.13-നാണ് സാന്‍മറ്റേയോ അലമേഡ ഡി ലാസ് പല്‍ഗാസിലെ വീട്ടിനുള്ളില്‍ നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ ആരുടെയും പ്രതികരണമുണ്ടായില്ല. അതേസമയം വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(സി.ഐ.ബി) അന്വേഷണം ഏറ്റെടുത്തതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് അപകടസാധ്യതയില്ലെന്നും പോലീസ് അറിയിച്ചു.