കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരി 16 നാണ് കോട്ടയം നാഗമ്പടം മേല്‍പ്പാലത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തിയത്.
വിദേശരാജ്യങ്ങളിലേക്ക് പോകാനിരുന്ന നൂറുകണക്കിന് പേരാണ് ഇതോടെ ദുരിതത്തിലായത്.
കോട്ടയം റസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാര്‍ട്ട്‌മെന്റിലാണ് പുതിയ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. രണ്ടുനിലകളിലായി 14000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. ഒക്ടോബര്‍ അവസാനം കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും നീണ്ടുപോയി. വൈദ്യുതി കണക്ഷൻ ആയിരുന്നു പ്രധാന തടസം. ഹൈ ടെൻഷൻ പവര്‍ ആവശ്യമായതിനാല്‍ ജനറേറ്റര്‍, വയറിംഗ് എന്നിവ ക്രമീകരിക്കലായിരുന്നു വെല്ലുവിളി.
വയറിംഗ് പൂര്‍ത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയ്ക്കായി ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റിനെ സമീപിച്ചെങ്കിലും കുറവുകള്‍ കണ്ടെത്തി. തുടര്‍ന്ന് എം.പിയുടെ ഇടപെടലില്‍ ഇവ പരിഹരിച്ച് ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റ് ക്ലിയറൻസ് നല്‍കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തികരിക്കും. ശേഷം ടാറ്റ കണ്‍സള്‍ട്ടൻസി വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന ദിവസം കേന്ദ്രത്തിന്റെ പുനര്‍പ്രവര്‍ത്തനം ആരംഭിക്കും.