റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം ബിഷപ്
പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലും നടത്തി
കോട്ടപ്പുറം: റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലും നടത്തി. ചെട്ടിക്കാട് സെന്‍റ് ആന്‍റണീസ് തീർഥാടന കേന്ദ്രത്തിന്‍റെ റെക്ടറും വികാരിയുമായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം.
കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി 2023 മേയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിർവഹിച്ചു വരുകയായിരുന്നു.
നിയുക്ത മെത്രാൻ റവ. ഡോ. അംബ്രോസ് ആലുവ കാർമൽഗിരി സെമിനാരി വൈസ് റെക്ടർ, പ്രൊഫസർ, രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്‍റ് മൈക്കിൾസ് കത്തീഡ്രൽ വികാരി, കുറ്റിക്കാട് സെന്‍റ് ആന്‍റണീസ് മൈനർ സെമിനാരി റെക്ടർ, മണലിക്കാട് സെന്‍റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി വൈസ് റെക്ടർ, ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്‍റെ സെക്രട്ടറി, മണലിക്കാട് നിത്യസഹായ മാതാ പള്ളി പ്രീസ്റ്റ്-ഇൻ-ചാർജ്, ചാത്തനാട് സെന്‍റ് വിൻസന്‍റ് ഫെറർ പള്ളി സബ്സ്റ്റിറ്റ്യൂട്ട് വികാരി, പറവൂർ ഡോൺബോസ്കോ പള്ളി സഹവികാരി, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ഓസ്ട്രിയയിലെ ഇൻസ്ബ്രുക്കിലെ ലിയോപോൾഡ് ഫ്രാൻസൻസ് സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലൈസൻഷ്യേറ്റും, മദ്രാസ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (മിസിയോളജി) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
പള്ളിപ്പുറം സെന്‍റ് മേരീസ് സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠനം നടത്തിയത്. പിന്നീട് എറണാകുളം സെന്‍റ് ജോസഫ്സ് മൈനർ സെമിനാരിയിൽ 1979 ൽ പ്രവേശിച്ച അദ്ദേഹം എറണാകുളം സെന്‍റ് ആൽബർട്ട്സ് ഹൈസ്ക്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കളമശ്ശേരി സെന്‍റ് ജോസഫ്സ് മൈനർ സെമിനാരിയിൽ താമസിച്ച് കളമശ്ശേരി സെന്‍റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠനം നടത്തി . തത്വശാസ്ത്ര പഠനവും ബിരുദ പഠനവും ബംഗലൂരു സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു . തുടർന്ന് ഓസ്ട്രിയയിലെ കനീസിയാനും സെമിനാരിയിൽ ദൈവശാസ്ത്ര രൂപീകരണം പൂർത്തിയാക്കി.
കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്‍റെയും മകനാണ്. ഏലിയാസ് ജോപ്പൻ, മേരി, ട്രീസ, അൽഫോൻസ എന്നിവരാണ് സഹോദരങ്ങൾ. 1967 ആഗസ്റ്റ് 21 നായിരുന്നു ജനനം. ഓസ്ട്രിയയിലെ ബ്രേഗൻസിൽ 1995 ജൂൺ 11 ന് വൈദീകപട്ടം സ്വീകരിച്ചു.
കോട്ടപ്പുറം രൂപത അപ്പസ്തോലിക്അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ അലക്സ് വടക്കുംതല ഫ്രാൻസിസ് പാപ്പയുടെ നിയമന പത്രം വായിച്ചു. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കുരിശുമാല അണിയിച്ചു. കെആർഎൽസിബിസി പ്രസിഡന്‍റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ അരപ്പട്ട ധരിപ്പിച്ചു. വരാപ്പുഴആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ മോതിരം സമ്മാനിച്ചു കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ ജോസഫ് കാരിക്കശേരി ചുവന്ന തൊപ്പി നൽകി. കെസിബിസി വൈസ് പ്രസിഡന്‍റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂർക്കാടൻ മുല്ലപ്പൂ മാല അണിയിച്ചു. സുൽത്താൻപേട്ട് ബിഷപ്പ് ഡോ പീറ്റർ അബീർ അന്തോണിസാമി ബൊക്കെ സമ്മാനിച്ചു. വൈദീകരും സന്യസ്തരും നിരവധി വിശ്വാസികളും പങ്കെടുത്തു