കേരളത്തിൽ സജീവ ചർച്ചയായി മാറിയ റോബിൻ ബസിന്റെ കഥ സിനിമയാക്കാനൊരുങ്ങി യുവ സംവിധായകൻ പ്രശാന്ത് മോളിക്കൽ. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണമൊരുക്കുന്നത് സതീഷാണ്. പ്രശാന്ത് മോളിക്കൽ തൻ്റെ ഫേസ്ബുക്കിലൂടയാണ് പുതിയ സിനിമയുടെ വിവരം പുറത്തുവിട്ടത്.
സെന്‍റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കും. ചിത്രം ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്നും പ്രശാന്ത് മോളിക്കൽ അറിയിച്ചു. 2024 ഫെബ്രുവരിയിൽ റിലീസിന് ഒരുങ്ങുന്ന കൂൺ എന്ന സിനിമയിലൂടെയാ പ്രശാന്ത് മോളിക്കൽ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം
സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്.
Based on a true story
– ROBIN –
All india tourist permit.
കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളെ നന്ദിയോടെ ഓർക്കുന്നു.
എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട്
പ്രശാന്ത് മോളിക്കൽ
ഡയറക്ടർ