ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെയുള്ള വഞ്ചനാ കേസ് ഒത്തുതീർന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. പി.വി.മിഥുൻ അറിയിച്ചു. കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞ് 18.70 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണു ശ്രീശാന്ത് അടക്കം 3 പേർക്കെതിരെ കഴിഞ്ഞ ദിവസം ടൗൺ പൊലീസ് കേസെടുത്തത്. കണ്ണപുരം സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ സരീഗ് ബാലഗോപാലന്റെ ഹർജിയിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ (ഒന്ന്) നിർദേശപ്രകാരമായിരുന്നു കേസ്.
ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ.വെങ്കിടേഷ് കിണി എന്നിവരാണു കേസിലെ മറ്റു പ്രതികൾ. സ്വത്തു നൽകാമെന്നു പറഞ്ഞു വഞ്ചിച്ചെന്നാണു കേസ്. സരീഗിന്, അക്കൗണ്ടിലൂടെ മുഴുവൻ തുകയും രാജീവ് കുമാർ കൈമാറിയതായും പരാതിക്കാരനു കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും അഡ്വ.പി.വി.മിഥുൻ പറഞ്ഞു.
പരാതിയിൽ നിന്ന്:
2019ൽ, കൊല്ലൂരിൽ പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിണി എന്നിവർ, കൊല്ലൂർ അന്തർവനം റിസോർട്ടിൽ 5 സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു വാഗ്ദാനം ചെയ്ത് പലതവണകളായി 18.70 ലക്ഷം വാങ്ങുകയായിരുന്നു. ഓംഭാരത് എന്ന വില്ല പ്രൊജക്ടിന്റെ അക്കൗണ്ടിലേക്കാണു പണം കൈമാറിയത്. 4 മാസത്തിനകം വില്ല നൽകാമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷമായിട്ടും വില്ല ലഭിച്ചില്ല. ഇതേപ്പറ്റി ചോദിച്ചപ്പോൾ, ഇതേ ഭൂമി ഉൾപ്പെട്ട 18 ഏക്കറിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് ‘ശ്രീ സ്പോർട്സ് അക്കാദമി’ തുടങ്ങുന്നുവെന്നായിരുന്നു രണ്ടു പേരും നൽകിയ മറുപടി.
രാജീവ് കുമാറിനും വെങ്കിടേഷ് കിണിക്കും അക്കാദമി പ്രൊജക്ടിൽ പങ്കാളിത്തമുണ്ട്. തുടർന്ന് ശ്രീശാന്ത് തന്നെ സരീഗിനെ നേരിട്ടു കാണുകയും തന്റെ പ്രൊജക്ടിൽ ഒരു വില്ല വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ, വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണു കോടതിയിൽ ഹർജി നൽകിയത്. സ്പോർട്സ് അക്കാദമി സംബന്ധിച്ചു ശ്രീശാന്തും മറ്റു പ്രതികളും ചേർന്നു നടത്തിയ പത്രസമ്മേളനത്തിന്റെ വാർത്തകളും ദൃശ്യങ്ങളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. തനിക്ക് കേസുമായി ബന്ധമില്ലെന്നു ശ്രീശാന്ത് അറിയിച്ചു.