ആലുവ തായിക്കാട്ടുകര ഗണപതിപ്ലാക്കൽ മോളി ജോയ് (61) മരിച്ചു. മോളി ജോയ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5.08 നാണ് മരണം സംഭവിച്ചത്. കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചത് നാലും സ്ത്രീകളാണ്
അതേസമയം കളമശേരി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രത്യേകിച്ച് ബോംബ് നിർമ്മാണത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ 10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഡൊമിനിക് മാർട്ടിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്. പ്രതികളുടെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ചും ആഴത്തിലുള്ള പരിശോധന നടത്തുന്നുണ്ട്.
ഒക്‌ടോബർ 29-ന് കേരളത്തിലെ കളമശ്ശേരിയിലെ സംര ഇന്റർനാഷണൽ കൺവെൻഷൻ & എക്‌സിബിഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ യോഗത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രാർത്ഥനായോഗങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കിംഗ്ഡം ഹാൾ പ്രാർത്ഥനാ യോഗങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വിശ്വാസികളുടെ കൂട്ടായ്മ അറിയിച്ചു. ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാർത്ഥനാ യോഗങ്ങൾ ഓൺലൈനായി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.