വിനോദസഞ്ചാരികളെ ആകർഷിക്കാനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ട് അമേരിക്കയും സൗദിയുമടക്കം ആറുരാജ്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച് തുർക്കി.
സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഒമാൻ, അമേരിക്ക, ബഹ്റൈൻ, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇനി മുതൽ വിസ ഇല്ലാതെ യാത്ര സാധ്യമാകും. ഇതുസംബന്ധിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഉത്തരവ് ശനിയാഴ്ച തുർക്കി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
ഓരോ 180 ദിവസത്തിനുമിടയിൽ 90 ദിവസം വരെ വിസയില്ലാതെ ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തുർക്കി സന്ദർശിക്കാം. 2016-ൽ ഖത്തറിനും 2017-ൽ കുവൈത്തിനും ഈ ഇളവ് നൽകിയിരുന്നു.
ഈ വർഷം നവംബർ വരെയുള്ള 11 മാസത്തിനിടെ 52.7 ദശലക്ഷം വിനോദസഞ്ചാരികൾ രാജ്യത്തെത്തിയതായി തുർക്കി സാംസ്കാരിക വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.