ന്യൂയോര്‍ക്ക്: ചെറിയ കാരണങ്ങള്‍ക്ക് പോലും അമേരിക്കയില്‍ പഠിക്കാനായെത്തിയവരുടെ വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചെറിയ ട്രാഫിക് നിയമ ലംഘനങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, അതിനോടുള്ള പ്രതികരണം തുടങ്ങി നിസാരമായ കാരണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന എഫ്-1 വിസ യു.എസ് അധികൃതര്‍ റദ്ദാക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പലസ്തീന്‍ അനുകൂല സമരത്തില്‍ പങ്കെടുത്തതിന്റെയോ അനുകൂലിച്ചതിന്റെയോ പേരില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസില്‍ പഠിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും ശിക്ഷയായി നാടുകടത്തല്‍ നടപടി സ്വീകരിക്കുന്നത്.
ചില വിഭാഗം വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യമിട്ട് നിസാരകാരണങ്ങള്‍ പറഞ്ഞ് വിസ റദ്ദാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായാണ് ആരോപണം. ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ റദ്ദാക്കിയതായുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവരോട് എത്രയും വേഗം രാജ്യം വിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗം, ട്രാഫിക് സിഗ്നല്‍ ലംഘിക്കുക, അംഗീകൃത ലൈസന്‍സ് ഉള്ളയാളുടെ സാന്നിധ്യമില്ലാതെ ലേണേഴ്‌സ് ലൈസന്‍സ് മാത്രമുപയോഗിച്ച് വാഹനമോടിക്കല്‍, അബദ്ധത്തിൽ കടകളിൽനിന്ന് സാധനങ്ങൾ മാറിയെടുക്കുന്നത് തുടങ്ങിയ ചെറിയ നിയമലംഘനങ്ങളുടെ പേരിലാണ് വിസ റദ്ദാക്കുന്നത്. അതുമാത്രമല്ല മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും മുമ്പ് നടന്ന നിയമലംഘനങ്ങളുടെ പേരിലാണ് പലരുടെയും വിസ റദ്ദാകുന്നത്.
പിഴയൊടുക്കി തീര്‍പ്പാക്കിയ കേസുകളാണെങ്കിലും വിസ റദ്ദാക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. ഇത്തരം ചെറിയ കുറ്റങ്ങളുടെ പേരില്‍ വിസ റദ്ദാക്കുന്നത് തുടര്‍ന്നാല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളുണ്ടാകില്ലെന്നാണ് യൂണിവേഴ്‌സിറ്റികളിലെ അധികൃതര്‍ ആശങ്കപ്പെടുന്നത്.