മാസങ്ങൾ നീണ്ട കടുത്ത പോരാട്ടം, വധശ്രമം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ, പരസ്പരം കലഹങ്ങൾക്കും ആക്ഷേപങ്ങൾക്കുമൊടുവിൽ അമേരിക്കൻ ജനത ഇന്ന് വിധിയെഴുതും, 47ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ. ഇത്തവണ ചരിത്രം തിരുത്തികുറിക്കുമോ എന്ന ആകാംഷയിലാണ് ലോകം.
ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെയാണ് പോളിങ് ആരംഭിക്കുന്നത്. വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണാൾഡ് ട്രംപ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം നേടാനാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ലക്ഷ്യമിടുന്നത്.
കമല ഹാരിസ് ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്ത വർഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യൻ വംശജനായ ആദ്യത്തെ പ്രസിഡന്റ് അങ്ങനെ ഒട്ടെറെ ചരിത്ര നിമിഷങ്ങൾക്ക് അമേരിക്ക വേദിയാകും. പ്രസിഡന്റ് സ്ഥാനം വീണ്ടും തിരികെ പിടിച്ച് അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് ട്രംപ്.
ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ഇലക്ഷൻ ലാബ് പ്രകാരം 73 ദശലക്ഷത്തിലധികം അമേരിക്കക്കാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടൊപ്പം ജനപ്രതിനിധി സഭ, സെനറ്റ്,. ഗവർണർ തിരഞ്ഞെടുപ്പ് കൂടാതെ പ്രാദേശിക ഭരണ സമിതി തിരഞ്ഞെടുപ്പുകളും ഇന്ന് നടക്കും.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് തപാൽ വോട്ട് ചെയ്തു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ് ഫ്ലോറിഡയിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തും. സർവേകളിൽ ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്ന 7 ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വിധിയാണ് നിർണായകമാവുന്നത്.
അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ. ഇവിടെയുള്ള ഇലക്ടറൽ കോളജ് വോട്ടുകളാണ് നിർണായകം. ആകെ 538 വോട്ടുകളിൽ 270 ആണ് കേവല ഭൂരിപക്ഷം.
അരിസോന 11, നെവാഡ 6, ജോർജിയ 16, നോർത്ത് കാരോലൈന 16, പെൻസിൽവേനിയ 19, മിഷിഗൻ 15, വിസ്കോൻസെൻ 10 എന്നിങ്ങനെയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഇലക്ടറൽ കോളേജ് വോട്ടെണ്ണം. ഇവയിൽ നോർത്ത് കാരോലൈനയിലും ജോർജിയയിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാകും. പ്രാദേശിക സമയം വൈകിട്ട് 7 മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇവിടെ നിന്നുള്ള ഫലങ്ങൾ അറിഞ്ഞ് തുടങ്ങും.