വാഷിങ്ടൻ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇന്ത്യൻ സമയം ഞായറാഴ്‌ച രാവിലെ 9.30ഓടെ ക്രൂ ഡ്രാഗൺ പേടകത്തിന്റെ ഡോക്കിങ് നടന്നു.
ക്രൂ ഡ്രാഗണെ ബഹിരാകാശ നിലയവുമായി ഘടിപ്പിക്കുന്നതിനെയാണ് ഡോക്കിങ് എന്ന് പറയുന്നത്. വായു ചോർച്ചയില്ലെന്ന് ഉറപ്പായതോടെ ഇന്ത്യൻ സമയം രാവിലെ 10.30ഓടെ ഹാച്ചിങ് ആരംഭിച്ചു. ബഹിരാകാശ യാത്രികർക്ക് ക്രൂ ഡ്രാഗണിൽ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് കടക്കുന്നതിനാണ് ഹാച്ച് തുറക്കുന്നത്. തുടർന്ന് ക്രൂ-9 ദൗത്യ സംഘത്തിനൊപ്പം ക്രൂ-10 ദൗത്യ സംഘവും ചേരും.
ക്രൂ-10 എത്തുന്നതോടെ ബഹിരാകാശ നിലയത്തിലെ യാത്രികരുടെ എണ്ണം 11 ആയി വർധിക്കും. സുനിതയും വിൽമോറും യുഎസിന്റെ നിക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവർക്കൊപ്പം ഈ മാസം 19ന് ഭൂമിയിലേക്ക് മടങ്ങും. കാലാവസ്‌ഥ അനുകൂലമാണെന്നാണ് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ക്രൂ-9 ഭൂമിയിലേക്ക് തിരിക്കുക.
പത്ത് ദിവസത്തെ ദൗത്യത്തിനായി 2014 ജൂൺ അഞ്ചിനാണ് സുനിതയും വിൽമോറും നിലയിലെത്തിയത്. ക്രൂ ഫ്‌ളൈറ്റിന്റെ ബോയിങ് സ്‌റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രോപ്പൽഷനിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര അനിശ്‌ചിതത്വത്തിലായി.