യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി മീരയുടെ ആരോഗ്യ നിലയിൽ പുരോഗതി. രക്തസ്രാവം നിയന്ത്രണവിധേയമായെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. സഹോദരി മീരയെ സന്ദർശിച്ചു. മീര ലൂതറന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. തൊട്ടടുത്തുനിന്ന് രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം ഷിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വച്ചാണ് സംഭവമുണ്ടായത്. ഉടനെ പൊലീസെത്തി ആംബുലന്‍സില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചു. അമലിന്റെ അറസ്റ്റും തുടര്‍ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പൊലീസ് നാളെ പുറത്തുവിടും. 2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര.
മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്നു ഭർത്താവ് ഏറ്റുമാനൂർ അഴകുളം അമൽ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകളാണ് മീര.