മെൽബൺ: ഇന്ത്യൻ വംശജയായ 24 കാരി വിമാനത്തിൽ കുഴഞ്ഞുവീണുമരിച്ചു. മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിലായിരുന്നു മൻപ്രീത് കൗർ എന്ന യുവതി കുഴഞ്ഞുവീണത്. ഷെഫ് ആവുകയെന്ന സ്വപ്‌നവുമായി നാലുവർഷം മുമ്പാണ് പഞ്ചാബ് സ്വദേശിനിയായ മൻപ്രീത് ആസ്‌ത്രേലിയയിൽ എത്തുന്നത്.
2020 മാർച്ചിൽ ആസ്ത്രേലിയയിലെത്തിയ മന്‍പ്രീത് നാലുവർഷത്തിന് ശേഷം ആദ്യമായി കുടുംബത്തെ കാണാനായി പുറപ്പെട്ടപ്പോഴാണ് ദാരുണാന്ത്യം സംഭവിക്കുന്നത്. വിമാനത്തിൽ കയറുന്നതിന് മുൻപ് മൻപ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അത് വകവെക്കാതെയാണ് വിമാനത്തിൽ കയറുന്നത്. സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ക്യാബിൻ ക്രൂ അംഗങ്ങളെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂൺ 20 നാണ് സംഭവം നടന്നത്.ക്ഷയരോഗബാധിതയായിരുന്നു മൻപ്രീതെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.