പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി മാത്യു
കോട്ടയം/ടെക്സസ്∙ അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി പറയുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ജൂലി മാത്യു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടത്തിന് ഉടമയാണ് ജൂലി. മണിമലയാറിന്‍റെ തീരത്ത് ഓടിക്കളിച്ചു നടന്ന മലയാളി പെൺകുട്ടിയുടെ ജീവിതം മാറിയത് 10-ാം വയസ്സിലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തോടെയാണ്.
അമേരിക്കയിൽ സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ ജൂലി പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സോഷ്യോളജി പഠിച്ചു. പിന്നീട് ഡെലവെയർ ലോ സ്കൂളിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി. ഹൂസ്റ്റണിൽ നിന്ന് ടെക്സസ് നിയമ ലൈസൻസ് നേടി ജൂലി അഭിഭാഷകയായി അവിടെ പ്രാക്ടീസ് ആരംഭിച്ചു. ടെക്സസിൽ ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രീയ പിന്തുണയോടെയുള്ള മത്സരത്തിലൂടെയാണ്. അത്തരത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ചാണ് ജൂലി മാത്യു വിജയിച്ചത്. 2018 ലും 2022 ലും ജൂലി വിജയം ആവർത്തിക്കുകയായിരുന്നു.
ക്രിമിനല്‍, സിവില്‍ കേസുകളും വസ്തുതര്‍ക്കങ്ങളും ജൂവൈനല്‍ കേസുകളും ഉൾപ്പെടെ വ്യത്യസ്തമായ കേസുകൾ പരിഗണിക്കുന്ന കോടതിമുറിയിൽ ജൂലി മാത്യുവിനെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് ജൂവൈനല്‍ കേസുകളാണ്. പലപ്പോഴും മോശമായ കുടുംബ സാഹചര്യങ്ങളാണ് കുട്ടികളെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നത്. അവരെ പുനരവധിസിപ്പിച്ച് നല്ല പൗരന്മാരാക്കി മാറ്റുന്നതിലാണ് താൻ ശ്രദ്ധിക്കുന്നതെന്ന് ജൂലി മാത്യു മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘ജീവിതത്തിൽ പലപ്പോഴും പരാജയമുണ്ടാകും. ആരുടെയും ജീവിതം പെർഫെക്ടല്ല. പരാജയങ്ങളെ മറികടക്കാൻ നിരന്തരം പരിശ്രമിക്കുക. അപ്പോൾ മാത്രമാണ് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുന്നത്’’ – ജൂലി മാത്യു കൂട്ടിച്ചേർത്തു.
പത്തനംതിട്ട വെണ്ണിക്കുളം സ്വദേശികളായ തോമസ് ഡാനിയേലിന്‍റെയും സൂസമ്മ തോമസിന്‍റെയും മകളാണ് ജൂലി. കാസർകോട് വാഴയിൽ സ്വദേശിയും വ്യവസായിയുമായ ജിമ്മി മാത്യുവാണ് ഭർത്താവ്. ദമ്പതികൾക്ക് അലീന, അവ, സോഫിയ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.